Monday, March 21, 2016

വിശ്വമാഹാകവിയുടെ ആത്മാവ് ഉറങ്ങുന്ന ശാന്തിനികേതനിലെക്കുള്ള ഒരു ചെറുയാത്ര .
രണ്ടു വർഷം മുൻപ് വംഗ നാട്ടിൽ എത്തിയപ്പോൾ മുതൽ ഉള്ള ആഗ്രഹം ആയിരിന്നു ഇവിടുന്നു പോകുന്നതിനു മുൻപ് മഹാകവി ടാഗോറിന്റെ ജീവിതവും , കവിതയും ഒക്കെയായി ഇടപിഴകി കിടക്കുന്ന ശാന്തിനികേതൻ ആശ്രമവും , അദ്ദേഹം സ്ഥാപിച്ച , ഇന്ന് കേന്ദ്ര സർവ്വകലാശാല ആയി പരിണാമം പ്രാപിച്ച, വിശ്വഭാരതി യൂണിവെർസിട്ടിയും ഒരിക്കെലെങ്കിലും സന്ദർശിക്കുക എന്നത്. കാര്യമായി പ്ലാനിംഗ് ഒന്നും ഇല്ലാതെ ആണ് പുറപെട്ടത്.
ഖരഗ്പുരിൽ നിന്ന് ,പുലർച്ചെ എത്തിയ സാംബല്പുർ എക്സ്പ്രെസ്സിൽ ഹൌറ വരെ , പിന്നീട് അവിടുന്നുള്ള 8:30 നു ഉള്ള സിയോരി ഇന്റർസിറ്റി എക്സ്പ്രെസ്സ്,പതിവ് പോലെ അര മണിക്കൂർ താമസിച്ചു ബോല്പുർ ലക്ഷ്യമാക്കി ചലിച്ചു തുടങ്ങി .പശ്ചിമ ബംഗാളിലെ വ്യാവസായിക നഗരങ്ങളിൽ ഒന്നായ ഹൌറ പിന്നിട്ട് തീവണ്ടി വടക്കോട്ട് ചലിക്കുംതോറും , ബംഗാളിലെ സ്ഥിരം കാഴ്ച്ച ആയ പാടങ്ങളും , അങ്ങിടവിട്ടു ചെറിയ കുളങ്ങളും .ആലപ്പുഴയുടെ ഭൂപ്രകൃതിയും ആയി ഒത്തിരിയേറെ സമാനതകൾ ഉണ്ട് വംഗനാടിനു.നാട്ടിലെ പോലെ ഉപയോഗ ശൂന്യമായ കുളങ്ങൾ അല്ല ഇവിടെ , അവർ അത് നല്ല പോലെ പരിപാലിക്കുന്നുണ്ട് . ഒരു പക്ഷെ അതായിരിക്കാം അവരുടെ ഏക ജലാസ്ത്രോതസ്സ് എന്ന് തോനുന്നു . തിരഞ്ഞെടുപ്പ് സമയം ആയോണ്ട് ആണെന്ന് തോനുന്നു , പിന്നിട്ട കവലകളിൽ ഒക്കെ ത്രിണമൂലിന്റെ കോടികൾ മാത്രം. ഹൂഗ്ലിയും ,ബർധമാനും പിന്നിട്ട് ഏകദേശം പന്ത്രണ്ട് മണിയോടെ വണ്ടി ബോല്പൂരിൽ എത്തി .
വരുന്നിടത്ത് വച്ച് കാണാം എന്ന രീതിയിൽ തട്ടികൂട്ടിയ യാത്ര ആയോണ്ട് അവിടിന്നു എങ്ങട് പോണം എന്നോ എങ്ങനെ പോണം എന്നോ വല്യ നിശ്ചയം ഇല്ലായിരുന്നു. വിശ്വ- ഭാരതിക്ക് വിടാൻ പറഞ്ഞു 50 രൂപക്ക് ഒരു e -റിക്ഷയിൽ കയറി. ഇവിടെ മൊത്തം e - റിക്ഷകളുടെ അപ്രമാദിത്വം ആണ് ഇപ്പോൾ . ഒരുകാലത്ത് ബംഗാളിന്റെ മുഖമുദ്ര ആയിരുന്ന ,പ്രാകൃതം എന്ന് നമ്മൾ കരുതിപോന്ന ആളുകൾ വലിക്കുന്ന സൈക്കിൾ റിക്ഷകൾ പതിയെ പതിയെ വിസ്മ്രിതിയിലേക്കുള്ള പാതയിൽ ആണ് .അതെ , ബംഗാളും പുരോഗമനത്തിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും പാതയിൽ ആണ് . നമ്മടെ നാട്ടിലും ഇപ്പോഴത്തെ റിക്ഷകൾക്ക് പകരം e - റിക്ഷകൾ വ്യാപകം ആയാൽ അന്തരീക്ഷ മലിനീകരണം തെല്ലൊരു അളവോളം കുറയുമായിരിക്കും .
നമ്മുടെ ഡ്രൈവർ , 700 രൂപയ്ക്കു സ്ഥലം മൊത്തം കാണിക്കാം എന്ന് ഒരു ഓഫർ ഇട്ടു . പേശി പേശി 400 എത്തിച്ചു. അങ്ങനെ യാത്ര തുടങ്ങി .ഡ്രൈവർ , രഘുവീർ ദാസ് എന്നോ മറ്റോ ആണ് പേര് പറഞ്ഞത് , ഓർക്കുന്നില്ല , ബംഗാളിൽ പിന്നെ പേരിനു വല്യ കാര്യം ഒന്നും ഇല്ല ,എല്ലാരും ദാദയും ദീദിയും ആണിവിടെ , പ്രായഭേദമന്യേ . ബോല്പൂർ മാർക്കെറ്റ് പിന്നിട്ട് കൊവായി നദി ലക്ഷ്യമാക്കി വണ്ടി ഏതോ ഗ്രാവേൽ പാതയിലേക്ക് തിരിച്ചു . മുറി ഹിന്ദിയിൽ ആൾ ടാഗോറും ആയി ബന്ധപെട്ട കുറേ കാര്യങ്ങൾ വണ്ടി നിർത്തി ചൂണ്ടി കാണിക്കുകയും പറഞ്ഞു തരുകയും ഒക്കെ ചെയ്യുന്നുണ്ടാരുന്നു .നമുക്കും ഹിന്ദി അത്രക്കങ്ങട് വഴങ്ങാതോണ്ട് മിക്കതിനും തലയാട്ടി കൊടുക്കുക മാത്രേ വഴി ഉണ്ടായിരുന്നുള്ളൂ .
കൊവായി നദീതീരം ആയിരുന്നു പ്രഥമ ലക്ഷ്യസ്ഥാനം . താപനില കൂടിവരുന്നതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ട് ,നദി വറ്റി വരണ്ടിരിക്കുന്നു . നദിക്കരയിൽ ഒരു സൈൻ ബോർഡു കണ്ടു അതിനെ ടാഗോറും ആയി ബെന്ധിപിക്കുന്നത് ,ടാഗോർ കൃതികളിൽ അതിന്റെ സ്ഥാനവും മറ്റും വർണിച്ചു കൊണ്ട് . അത്ര തന്നെയേ ഉണ്ടായിരുന്നുള്ളൂ അവിടെ . കുറച്ചു മാറി , രണ്ടു നാടൻ പാട്ടുകാരെ കണ്ടു , നമ്മുടെ നാട്ടിലെ പുള്ളുവൻ പാട്ട് പോലെ എന്തോ ഒന്ന് പാടുന്നുണ്ട് , കുറച്ചു നേരം അതും ശ്രേവിച്ചു അവിടെ നിന്നു. ആദിവാസി ജനവിഭാഗം , പ്രത്യേകിച്ചു സന്താൾ വിഭാഗം ഏറെ ഉള്ള പ്രദേശം ആണ് ഭീർഭൂം ജില്ല എന്ന് ഡ്രൈവർ പറയുന്നുണ്ടായിരുന്നു. അവർ അധിവസിക്കുന്ന പ്രദേശത്ത് കൂടെ ആണ് പ്രകൃതി ഭവൻ മ്യൂസിയത്തിലെക്കുള്ള വഴി.വികസനം തൊട്ടു തീണ്ടിയടില്ലാത്ത ,ഗ്രാവേൽ പാതകൾ നിറഞ്ഞ കുഗ്രമങ്ങൾ താണ്ടി , സോനജോരി വനമേഖലയും പിന്നിട്ടപ്പോഴാണ് , സനിബാരെർ ഹാറ്റീൽ എത്തിയത് .ശനിയാഴ്ച്ച മാത്രം നടക്കുന്ന മേള ആണത് .ഞങ്ങൾ എത്തുമ്പോഴേക്കും വില്പനക്കാർ,വന്നു തുടങ്ങിയട്ടെ ഉണ്ടായിരുന്നുള്ളൂ , തിരക്കും കൂടി വരുന്നുണ്ട് . കൈത്തറി , കരകൌശല വസ്തുകളുടെ ഒരു വൈവിധ്യ ശേഖരം തന്നെ ഉണ്ട് അവിടെ . മനസിണിങ്ങിയ കുറച്ചു വാങ്ങിച്ചു അവിടിന്നു മടങ്ങി
പ്രകൃതി ഭവനിലേക്ക് ആണ് അടുത്ത യാത്ര - പ്രകൃതി പ്രതിഭാസങ്ങളുടെയും , ജീവ ജാലങ്ങളെയും , നമ്മുടെ പൂർവ്വികരും പ്രകൃതിയും തമ്മിൽ ഉള്ള ആത്മബെന്ധങ്ങളുടെയും ഒക്കെ നെർചിത്രങ്ങൽ മരപ്പലകയിന്മേൽ മനോഹരമമായി കൊത്തിവെച്ചിരിക്കുന്നു , അവയെ പറ്റി കൂടുതൽ പഠിക്കാൻ ജിജ്ഞാസ ഉണ്ടാവുന്ന തരത്തിൽ തന്നെ .അതിൽ തന്നെ കൂടുതലും കവിയുടെ മക്കളിൽ ഒരാളായ രതീന്ദ്രനാഥ ടാഗോരിന്റെതാണ് കലാസ്രിഷ്ടികൾ ആണ് . പ്രകൃതി ഭവൻ പിന്നിടുമ്പോൾ മണി മൂന്നര കഴിഞ്ഞിരുന്നു. നമ്മുടെ ദാദ തിരക്ക് കൂട്ടുന്നുണ്ടാരുന്നു , നാല് മണിക്ക് മുൻപ് അടുത്ത സ്ഥലത്ത് എത്തിയില്ലേൽ ടിക്കറ്റ് കിട്ടില്ല എന്നും പറഞ്ഞ . അടുത്ത ലക്ഷ്യം ബല്ലവപുർ വന്യ ജീവി സങ്കേതം ആയിരുന്നു , പ്രത്യേകിച്ചും കലമാൻ വർഗ്ഗത്തിന് വേണ്ടി ഉള്ളു സംരക്ഷണ കേന്ദ്രം . 20 രൂപ ടിക്കറ്റ് എടുത്തു അകത്തു കയറി , കുറെ ചുറ്റി കറങ്ങി ,അവിടെ ഇവിടെ ആയി കുറെ മാൻകൂട്ടത്തെ ഒക്കെ കണ്ടു . മൊത്തത്തിൽ ഒരു നിരാശ , കുറെ പ്രതീക്ഷിച്ചു വന്നിട്ട് ആയത് കൊണ്ടായിരിക്കും . പാർക്കിന്റെ നോക്കിനടതിപ്പ് ഒക്കെ മോശം ആയാണ് തോന്നിയെ , ഒന്ന് മനസ്സ് വെച്ചിരുന്നേൽ മികവുറ്റതാക്കം എന്നൊരു തോന്നൽ .
അവിടം പിന്നിട്ടു അവസാന ലക്ഷ്യം ആയ, ടാഗോറിന്റെ ജീവാത്മാവും പരമാത്മാവും എന്ന് വിശേഷിപ്പിക്കാവുന്ന വിശ്വ ഭാരതി കാപസിലേക്ക് . ഇന്നേ വരെ കണ്ട മറ്റെല്ലാ വിദ്യാഭാസസ്ഥപ്പനങ്ങളിൽ നിന്നെല്ലാം വിശ്വ ഭാരതിയെ വേറുറ്റതാക്കുന്നത് ഇവിടുത്ത പ്രകൃതിയോടിണങ്ങി ചേർന്നുള്ള കെട്ടിടങ്ങളുടെ രൂപകല്പനയും ,പഠന രീതിയും ഒക്കെ ആണ് .വൃക്ഷ നിബിടം ആണിവിടെ , അവിയേ കൃത്യമായി പരിപാലിക്കുന്നും ഉണ്ട് . ടാഗോർ മൂസിയം ആണ് പ്രധാന ആകർഷണ കേന്ദ്രം . ദേവന്ദ്രനാഥ് ടാഗോർ മുതൽ രതീന്ദ്ര നാഥ് ടാഗോർ വരെ ഉള്ള ധീഷ്ണശാലികളുടെ , കലാ - സാമൂഹ്യ പരിവർത്തന രംഗത്ത് മുഖമുദ്ര പതിപിച്ച ഒരു കുടുംബത്തിന്റെ ചരിത്രം മൊത്തം വർണിച്ചിരിക്കുന്നു ഇവിടെ . അതും വരും തലമുറയ്ക്ക് അവർ ആരായിരുന്നു എന്നും ബംഗാളി നവോർഥാനതിലും , സാഹിത്യത്തിലും അവരുടെ പങ്ക് എന്തായിരുന്നു എന്ന് അറിയാനും ഉതുകും വിധം തന്നെ .
യാത്ര മതിയാക്കി ബോല്പൂർ സ്റ്റെഷിനിലെക്കു പോകുമ്പോഴേക്കും പടിഞ്ഞാറൻ ചക്രവാളത്തിൽ സൂര്യ കിരണങ്ങൾ ചുവന്നു തുടങ്ങിയിരിന്നു . കിളി നാദം കെട്ടും ഇളം കാറ്റ് ആസ്വദിച്ചും , മരച്ചുവടകൾ തരുന്ന ശാന്തതയിൽ കുറെ നേരം കൂടെ ഇരിക്കണം എന്നും ഉണ്ടായിരുന്നും , മടക്കയാത്രക്ക് ഈ റൂട്ടിൽ ട്രെയിനുകൾ കുറവാണെന്ന ബോദ്ധ്യം ഞങ്ങളെ ആ ഉദ്യമത്തിൽ നിന്നകറ്റി . തിരക്കേറിയ ബോല്പ്പൂർ മാർകെട്ടിലൂടെ അതിസമർത്ഥം ആയി വളഞ്ഞും തിരിഞ്ഞും നമ്മുടെ ദാദ ട്രെയിൻ എത്തുന്നതിനു അഞ്ചു മിനിട്ട് മുൻപ് സ്റ്റേഷനിൽ എത്തിച്ചു . അമ്പതു രൂപ ടിപ്പും കൊടുത്തു ഞങ്ങൾ ബോല്പൂരിനോട്‌ വിടവാങ്ങി . ഗണദേവത എക്സ്പ്രെസിൽ ഹൌറയിലേക്ക് . 11 കഴിഞ്ഞു മണിക്ക് ഹൌറക്കടുത്തു ബേലൂർ സ്റ്റേഷൻ എത്തിയപ്പോഴേക്കും അങ്ങിങ്ങ് നിന്ന് ആർപ്പുവിളികളും കരിമരുന്നു പ്രയോഗവും കണ്ടപ്പോഴേ തോന്നി , ഹൂഗ്ലി നദിക്കപ്പുറെ ഈടെൻ ഗാർഡനിൽ ഇന്ത്യ വെന്നികൊടി പാറിച്ചു എന്ന് . ചിരവൈരികൾക്ക് എതിരെ ഉള്ള ഇന്ത്യയുടെ ജയത്തേക്കാൾ , കളി കഴിഞ്ഞു വരുന്ന ക്രിക്കെറ്റ് പ്രേമികളെ ക്കൊണ്ട് ജനനിബിടം ആവാൻ പോകുന്ന ഹൌറ സ്റ്റേഷനെ പറ്റിയും നില്കാൻ പോലും ഇടം കിട്ടത്ത വണ്ണം തിരക്കവാൻ പോകുന്ന ആഹെമെദാബാദ് എക്സ്പ്രെസിന്റെ ജനറൽ കമ്പാർട്ട്മെന്റിനെയും പറ്റി ഉള്ള ആകുലതയും ആയിരുന്നു അപ്പോൾ ഞങ്ങളുടെ മനസിലൂടെ ഓടി കൊണ്ടിരുന്നത്.